തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് കുടിശികയുള്ള ഡിഎ നൽകാൻ തീവ്രശ്രമം ആരംഭിച്ചതായി മന്ത്രി കെ.ബി.ഗണേഷ് കുമാർ. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഡിഎ വിതരണം ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജീവനക്കാരുടെ ഏറെക്കാലത്തെ ആവശ്യമായ ഡിഎ നൽകാൻ എങ്ങനെയെങ്കിലും പണം ഒപ്പിക്കാനാണ് ശ്രമിക്കുന്നത്. നിലവിൽ കെഎസ്ആർടിസിയുടെ പക്കൽ ഇതിനാവശ്യമായ തുകയില്ലാത്തതിനാൽ സർക്കാരിന്റെ സഹായം തേടിയിട്ടുണ്ട്. വിഷയത്തിൽ മുഖ്യമന്ത്രിയുമായി സംസാരിച്ചു.
ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാലുമായി ചർച്ച ചെയ്യാമെന്ന് അദ്ദേഹം ഉറപ്പുനൽകിയെന്നും ഗണേഷ് കുമാർ പറഞ്ഞു. ശമ്പളം ഗഡുക്കളായി നൽകിയിരുന്ന രീതി മാറ്റി ഒന്നാംതീയതി തന്നെ ഒരുമിച്ച് നൽകാൻ കഴിഞ്ഞത് വലിയ നേട്ടമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.